മുറിക്കുള്ളിൽ മുറിയുണ്ടെന്നറിഞ്ഞതെങ്ങനെയെന്നോ?
ഉറപ്പുള്ള കയറുമായ് വലിഞ്ഞുകേറിയ നേരം.
കയററ്റം ഉറപ്പിച്ചു, കുടുക്കറ്റം തലയ്ക്കിട്ടു
ഉറപ്പിക്കാനൊരുവട്ടം കിഴുക്കാം തൂക്കിലേ നോക്കി.
പകച്ചുപോയ് മിഴി വീണ്ടുമടച്ചിട്ടു തുറന്നിട്ടും
മികച്ച മറ്റൊരുമുറി, മുറിക്കുള്ളിലിരിക്കുന്നു.
കിഴക്കു നിന്നൊരു മുറി, വടക്കു നിന്നൊരു മുറി
കിഴുക്കാം തൂക്കിലേ നോക്കെ, തെളിഞ്ഞു മറ്റൊരു മുറി.
അറിഞ്ഞില്ലിന്നിതേവരെ ജനിച്ചനാൾ മുതലൊട്ടും
മുറിക്കുള്ളിളനന്തമാം മുറിയുണ്ടെന്നൊരിക്കലും.
വിരിപ്പിട്ടു മറച്ചിട്ടും ജനൽ തന്ന വെളിച്ചത്തിൽ
അടുക്കായിട്ടിരിക്കുന്നു തടിച്ചപുസ്തകക്കൂട്ടം.
ചരിത്ര പുസ്തകം നോക്കി ഇരട്ടവാലിളക്കുന്നു,
പെരുത്ത മസ്തകം നീട്ടിപ്പുഴുവെന്തോ തിരയുന്നു.
അടച്ചിട്ടും പഴുതിലൂടരിച്ചെത്തി വിളിക്കുന്നു,
പുറത്തു ചെമ്പകം പൂത്ത കഥചൊല്ലി മണിത്തെന്നൽ.
കനത്ത ഭിത്തികൾ താണ്ടി മരം കൊത്തി മുഴക്കുന്ന
മരിച്ചുചൊല്ലലിൻ മൊഴി അകത്തുവന്നലയുന്നു.
അതുകേട്ടോരുറുമ്പുകൾ തലതല്ലിച്ചിരിക്കുന്നു,
വലകെട്ടി പണക്കാരൻ ചിലന്തി വെഞ്ചരിക്കുന്നു.
പഡുത്വമുള്ളൊരു പല്ലി വിളക്കേന്തിത്തിരയുന്നൂ
ഇരുട്ടില്ലെന്നിടയ്ക്കിടെ സമൃദ്ധമായുരയ്ക്കുന്നു.
ഉടഞ്ഞ നാഴികമണി തിരക്കിട്ടു തിരിയുന്നു
പിടഞ്ഞ ഗൗളിവാലൊന്നു സമയത്തെ ചതിക്കുന്നു.
പതുത്ത മെത്തയിൽ 'ടോമി' മിഴിപൂട്ടിയുറങ്ങുന്നു
പുതിയ 'ടീവി'യിൽ വന്നു 'ജെറി' പൊട്ടിച്ചിരിക്കുന്നു.
ഒഴിഞ്ഞോരു ചഷകത്തിൻ കരയിൽ വന്നിറങ്ങുന്നു,
മിഴിപൂട്ടിക്കൊതിയൂറി മണിയൻ കാത്തിരിക്കുന്നു.
ഒരു കൊച്ചു വിമാനം വന്നിറങ്ങുന്നു കണങ്കാലിൽ
നിറം കുത്തിക്കുടിക്കുവാൻ പതം നോക്കിത്തിരയുന്നു.
അലാറം കേട്ടുണർന്ന 'ടോം' പകച്ചു പന്തലിക്കുന്നു,
അടഞ്ഞ താളുകൾക്കുള്ളിൽ പുഴു ചതഞ്ഞരയുന്നു.
പൊറുക്കാത്തൊരപരാധം ഒളിപ്പിക്കാനിടം തേടി
മുറിക്കുള്ളിൽ മുറിക്കുള്ളിൽ മുറിക്കുള്ളിൽ തിരഞ്ഞിട്ടും
മുറിപ്പെട്ടവികാരങ്ങളൊളിപ്പിക്കാനിടമില്ല
മുറിക്കുള്ളിൽ മുറിയുണ്ട് അതിന്നുള്ളിൽ മുറിയുണ്ട്!
------------
04.042021