മതമായിരുന്നു വിഭജനത്തിനു കാരണം. അധിനിവേശ കാലം മുതൽ മതത്തിന്റെ പേരിൽ കൊന്നു കൂട്ടിയ മനുഷ്യലക്ഷങ്ങളുടെ ശവ കുടീരങ്ങൾ ഒരബദ്ധം പോലെ വളർന്നുവരികയാണ്. മതത്തിനുത്തരം മതമല്ല. ആധുനിക മനുഷ്യന്റെ പ്രശ്നങ്ങൾക്കുള്ള ഉത്തരം മതമാണോ?
അപ്പോൾ നമുക്കിന്ത്യയഖണ്ഡമാക്കാം
പക്ഷങ്ങൾ ഛേദിച്ച മതം മറക്കാം
ശാസ്ത്രാഞ്ജന ചർച്ചിത ലോചനത്താൽ
നോക്കാം വിഭാതാംശു വിരിഞ്ഞ ഭൂവിൽ.
മുറിച്ച പാർശ്വാംഗയുഗങ്ങൾ വീണ്ടും
തിരിച്ചുചേർക്കാം മുറിവേറ്റ മെയ്യിൽ
അഖണ്ഡഗാത്രത്തിലജയ്യയായി
ചിരം ചരിക്കട്ടെ നവബ്രഹ്മപുത്ര.
വാർത്തകളുടെ ലോകം കീഴ്മേൽ മറിഞ്ഞുപോയി. സാങ്കേതികതയുടെ കുതിച്ചുചാട്ടത്തോടെ വാർത്തകളുടെ ഉറവിടവും, വ്യാപനവും, ഒഴുക്കും, ദിശയും ഒക്കെ മാറി മറിഞ്ഞിരിക്കുന്നു. 'സത്യാനന്തര യുഗം' എന്നു പറയപ്പെടുന്ന ചുറ്റുപാട് എല്ലാക്കാലത്തുമുണ്ടായിരുന്നു. വാർത്തകൾ എല്ലാക്കാലത്തും വളച്ചൊടിക്കപ്പെട്ടിട്ടുമുണ്ട്. എങ്കിലും fake news 'യഥാർത്ഥ' വാർത്തയായി പരിണമിക്കുകയും, പല ആവർത്തി അവതരിക്കുകയും, അതു രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളെ വലിയ തോതിൽ മാറ്റി മറിക്കുകയും ചെയ്യന്ന ഭീകരമായ അവസ്ഥ, ഈ ദശകത്തിന്റെ പ്രതേകതയാണ്. മുഖ്യധാരാ മാധ്യമങ്ങൾ, മാധ്യമ ഉപഭോകതാക്കളെ അവരുടെ വരുതിയിൽ പിടിച്ചു നിറുത്തുവാനായി കൗതുക-വൈകാരിക വാർത്തകളിൽ അഭയം തേടിയിരിക്കുന്നു എന്ന കേവല സത്യം നമ്മൾ തിരിച്ചറിയുന്നു.
വാർത്തയിൽ തട്ടി കമഴ്ന്നു വീണു ചില
നാട്ടു പ്രമാണിമാർ ഇന്നു പുലർച്ചയിൽ.
വാർത്ത വിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന
വാർത്താ വ്യവസായ ശാലയൊന്നിന്നലെ
കോർത്തു വിക്ഷേപിച്ച കൗതുകവാർത്തയിൽ
നാട്ടു പ്രമാണീസ് തകർന്നുപോയ് തൽക്ഷണം.
അവസാന വണ്ടി വരാതിരിക്കട്ടെ.
അതിലവർ എഴുന്നെള്ളാതിരിക്കട്ടെ.
ഒരു പെരുമ്പാമ്പായി ഇഴഞ്ഞിറങ്ങാതിരിക്കട്ടെ.
സഹായമറ്റവരെ
ചുറ്റി വരിയാതിരിക്കട്ടെ.
എല്ലുകൾ നുറുക്കാതിരിക്കട്ടെ.
മരണത്തിന്റെ തണുപ്പിലേക്കു
വലിച്ചിഴയ്ക്കാതിരിക്കട്ടെ.
അവസാന വണ്ടി വരാതിരിക്കട്ടെ.
ഇരുട്ടിനു പക്ഷം ചേരാഞ്ഞവരെ തേടി
അവർ വരാതിരിക്കട്ടെ.
ഒറ്റുകാരുടെ
മുഴക്കുന്ന വിശുദ്ധ ഗീതങ്ങളോടെ
പ്രചണ്ഡമായി മരണം വിതയ്ക്കാതിരിക്കട്ടെ.
പൂക്കൾ ചോദിപ്പു, "സുഹൃത്തേ മറന്നുവോ
കാറ്റു കൊള്ളാനായിറങ്ങിയൊരാദ്യനാൾ"
കാറ്റു ചോദിപ്പു, "മറന്നുവോ നീ ഇളം-
കാറ്റിന്നുടുപ്പിട്ടൊരാദ്യത്തെ നല്ലനാൾ"
താമരത്താരിളം പാദങ്ങളിൽ നോവൊ-
രോമന മുത്ത മണച്ചൊരാദ്യത്തെനാൾ,
ചേതോഹരാംഗി വസുന്ധര സംഭ്രമാൽ
കാതോർത്തു നിന്ന മനോഹര സന്ധ്യയും,
പാതിരാപ്പുള്ളുകൾ പാടിയ രാത്രിയും,
കാറ്റും, കടലും, നിലാവും മറന്നുവോ?"
കോടാനു കോടി മനുഷ്യർ നടന്നൊരീ
പാതയിൽ വീണ ദലങ്ങൾ ചോദിക്കുന്നു,
"സ്നേഹ പ്രവാഹമൊരീണമായ് താരാട്ടി-
ലാടിക്കുഴഞ്ഞിളം കാതിൽ മന്ത്രിച്ച നാൾ,
ചുണ്ടു കോട്ടിക്കരഞ്ഞാദ്യത്തെ നാൾ, അതു-
കണ്ടു ജനനി നിറഞ്ഞു ചിരിച്ചനാൾ,
ചുണ്ടിലാദ്യത്തെ മധുരം നിറഞ്ഞനാൾ
ചെണ്ടലർ കാട്ടിപ്പുലരി വിരിഞ്ഞനാൾ
ഓരോ ചുവടുമുറപ്പിച്ചു മുന്നോട്ടു
പോകെ മനുഷ്യാ മറന്നുവോ ആദ്യനാൾ?"