പണ്ടാരാണ്ടു പറഞ്ഞതുപോലെ
പണ്ടെങ്ങാണ്ടു നടന്നതുപോലെ
ഇണ്ടലൊഴിഞ്ഞൊരു പട്ടണനടുവിൽ
വണ്ടിയുമായി ഡൊമിനിക്കേട്ടൻ.
പട്ടണമേതെന്നറിയില്ലെങ്കിൽ
കുട്ടാ നോക്കു ഗൂഗിൾ മാപ്പിൽ.
ഒത്തിരി വെള്ളം ചുറ്റിലുമുണ്ട്
ഒറ്റത്തുള്ളികുടിക്കാനില്ല.
പുട്ടിനു പീര കണക്കുണ്ടൊരു പുര
മപ്പുറമാണേൽ സൗദി രാജ്യം
പുട്ടിനു പീര കണക്കുണ്ടൊരു പുര
മിപ്പുറമാണേൽ ഖത്തറു രാജ്യം.
പറുദീസയ്ക്കെതിർ ചൊല്ലും ബഹറിൻ
പവിഴ ദ്വീപു കൊരുത്തൊരു രാജ്യം.
അവിടെ മനാമ ഗലികളിലില്ലാ
ത്തൊരുവകയില്ലീ ഉലകിലശേഷം.
പട്ടും, വളയും, മസ്ക്കും, ഊധും
ചട്ടീം, കലവും, സോപ്പും കിട്ടും
കിട്ടാത്തൊരു വക ബാപ്പാനാണെ
കിട്ടാനില്ലുമ്മാനെ മാത്രം.
അത്തരമൊരു ചെറു കടയിൽ പണ്ടേ
പത്തുദിനാറിനു തൊപ്പികളുണ്ടെ-
ന്നുത്തമനാകും ഡൊമിനിക്കേട്ടനു
ചിത്തേ നല്ലൊരു വെളിവുണ്ടായി.
പുത്തൻകാറിൽ ഡൊമിനിക്കേട്ടൻ.
തൊപ്പികളില്ലാ രാജ്യത്തെന്തിനു
തൊപ്പി തെരഞ്ഞു നടന്നീത്തരുണൻ?
പളപള മിന്നും ചോന്ന കൊറോള
വളവു തിരിഞ്ഞു വരുന്നതുകണ്ടാൽ
കവിളത്തൊരുപിടി മലരു കൊഴിഞ്ഞൊരു
കി ളവനുമധുനാ നോക്കിപ്പോകും.
പത്തുദിനാറും പിന്നതിനർദ്ധവു-
മൊത്തിരി നോവൊടു നൽകി ചേട്ടൻ
വർദ്ധിതമോദത്തോടെ പിന്നാ
ത്തൊപ്പി ശിരസ്സിലണിഞ്ഞു നടന്നു.
ചറപറ വണ്ടികളോടും വഴിയുടെ
അരികേ ഗമയിൽ പോകും നേരം
തരസാ നമ്മുടെ ചോന്ന കൊറോള
അറബിയൊരുത്തൻ മോഷ്ടിക്കുന്നു.
പനപോലൊട്ടുനിവർന്നൊരു ഗാത്രൻ
തലയിൽ തിരിക കമഴ്ത്തിയ മാന്യൻ
അലസം കാറു തുറന്നു, ലളിതം,
ദ്രുതമോടിച്ചു കടന്നുകളഞ്ഞു.
കണ്ടിതു ക്രോധാൽ തൊണ്ട തുറന്നു,
മണ്ടിനടന്നു ഡൊമിനിക്കേട്ടൻ.
കിട്ടിയ ചീത്തകളൊക്കെയു മൊറ്റ-
ക്കൊട്ടയിൽ വാരിയെറിഞ്ഞാച്ചുള്ളൻ.
അപ്പോളതുവഴി മറ്റൊരു സുന്ദര-
നെത്തി 'കനേഷ്യസ്' എന്നു വിളിപ്പേർ.
ഒട്ടു നിറുത്തിയ ശകടത്തിൽ നി-
ന്നെത്തിവലിഞ്ഞൊന്നവലോകിച്ചു.
അത്തിപ്പുഴയുടെ പുത്രൻ ചൊല്ലി,
"സത്യം ഞാനൊരു കാര്യമുരയ്ക്കാം,
ചേട്ടൻ പോയൊരു കേസു കൊടുക്കിൽ
കട്ടവനെ ഞാനിന്നുപിടിക്കാം."
പിന്നവനൊട്ടും മടികൂടാതെ
മിന്നലുപോലെ പറന്നു, മുന്നേ
ചൊന്നതുപോലെ മറഞ്ഞഹിമാറെ
ചെന്നു പിടിക്കാനാവേശത്താൽ.
ഒന്നു തണുത്തു ഡൊമിനിക്കേട്ടൻ
പിന്നൊരു ശ്വാസം കൂടെയെടുത്തു.
ഉന്നത മൗലിയിലണിയാൻ വെച്ചതു
പന്നഗമായെന്നൊന്നു നിനച്ചു.
ഉച്ചച്ചൂടിൽ കത്തി മനാമ
മുച്ചൂടെരിപൊരികൊള്ളുന്നേരം
ഉച്ചിയിലുടെ കല്ലായിപ്പുഴ
പൊട്ടിയൊലിച്ചതു കണ്ണിലൊളിച്ചു.
കണ്ണുകൾ കൂട്ടിത്തിരുമീ ചേട്ടൻ
"എന്തെ കാഴ്ചകൾ വഞ്ചിച്ചെന്നോ!"
"എന്നുടെ കാറുണ്ടിവിടെത്തന്നെ
മുന്നേപോയതുമിതുതാനല്ലേ?"
തന്നുടെ ശകടം പോലൊരു ശകടം
മുന്നേ പോന്നതു കണ്ടു നിനച്ചു
നമ്മുടെ ശകടം തന്നെയിതെന്നും,
പിന്നെ ഹലാക്കിന്നുള്ളം തരികിട.
പുല്ലുകിളിച്ചില്ലിനിയും കള്ളനെ
ചെല്ലേ പൊക്കാൻ പോയൊരു വഴിയിൽ.
അല്ലേലിന്നിതു ചൊല്ലാം 'നിങ്ങടെ
ഇല്ലാസമയം പോയതു പോലെ'.