Friday 31 January 2020

യൂട്യൂബിലെ ആമ




വിലങ്ങിട്ട കുറ്റവാളിയെപ്പോലെ യൂട്യൂബിലെ ആമ.
നിരപരാധി ആയതുകൊണ്ടാകാം
രക്ഷപെടാൻ ശ്രമിച്ചുപോയി.
കഴുത്തു തിരിച്ചപ്പോൾ, തല കുരുങ്ങി.
കാലുകൾ കുടഞ്ഞപ്പോൾ, കൂടുതൽ കുടുങ്ങി.
കുരുക്കിൽ നിന്നും കുരുക്കിലേക്കു പോകെ, 
ജലപാളിയിലെ നിശ്ചല ദൃശ്യം പോലെ
യൂട്യൂബിലെ ആമ.

വലയെറിഞ്ഞവരുടെ സർവ്വ പാപങ്ങളും ഏറ്റു വാങ്ങി
റഫേൽ ചിത്രം പോലെ യൂട്യൂബിലെ ആമ വിറങ്ങലിച്ചു കിടന്നു.
എല്ലാ ശ്രമങ്ങളും ഉപേക്ഷിക്കവെ,
എല്ലാ പ്രതീക്ഷകളും അസ്തമിക്കവേ,
കാത്തിരിപ്പിനൊടുവിൽ വെളിച്ചമെത്തി.
അതിനു പിന്നിൽ ക്യാമറ.
അതിനു പിന്നിൽ കുറ്റങ്ങൾ ചെയ്യാത്ത
കരുണാമയൻ.
നീല വിശാലതയിൽ ഊളിയിട്ടുവന്ന കരുണാമയൻ
വലക്കണ്ണികൾഓരോന്നായി അറുത്തു മാറ്റി.
റഫേൽ ചിത്രം,  മെൽഗിബ്സന്റെ ചലനചിത്രമായി.
യൂട്യൂബിലെ ആമ കാലുകൾ കുടഞ്ഞു,
കഴുത്തു ചരിച്ചു,
വാലനക്കി,
ക്യാമറയിൽ നോക്കി നന്ദിയോടെ സാക്ഷ്യം പറഞ്ഞു.
പിന്നെ നീല വിശാലതയിലേക്കു
യൂട്യൂബിലെ ആമ തുഴഞ്ഞു പോയി.

(അപ്പോഴും കടൽ നിറഞ്ഞ പെരിയൊരാമ
ക്യാമറ വരുന്നതും കാത്തുകിടപ്പുണ്ടായിരുന്നു.)

----------------
30.01.2020

Friday 10 January 2020

പ്രേമവും കാമവും




മിത്തുകളൂരിക്കളഞ്ഞാശു  നഗ്നമാ-
യെത്തും നിലാവേ ധനുമാസ രാത്രിയിൽ
മുഗ്ധാനുരാഗവിവശമീ തെന്നലി-
ന്നിഷ്ടാനു ഭൂതിയിൽ നീ രമിച്ചീടുക.

മിഥ്യാഭിലാഷദളങ്ങളൊളിപ്പിച്ച
സർഗാതിരേക മധുകണങ്ങൾ തേടി-
യെത്തും മധുകര വൃന്ദമൊരുന്മാദ
നൃത്തം ചമയ്ക്കുന്നു, നീ രമിച്ചീടുക.

രാവിൻ കയങ്ങളിൽ നീന്തിത്തുടിച്ചീറ
നോലും മുടിക്കെട്ടിനാഴങ്ങളിൽ ഗന്ധ
മേതോ ഒളിപ്പിച്ചു, ചുണ്ടിൽ മദാർദ്രമി
പ്രേമം തുളുമ്പുന്നു, നീ രമിച്ചീടുക.

സ്പഷ്ടം തിരയുന്നു, ചൂഷണഹീനമാ
യിഷ്ടാത്മകാമന പൂത്തുല്ലസിക്കുന്ന
ക്ളിഷ്ട വിമുക്ത മനോഹര ഭൂമിക
എത്ര വിദൂരത്തിൽ,   നീ രമിച്ചീടുക.

നിസ്തുല നിത്യ നിതാന്തതെ, നിഷ്കാമ
മുഗ്ദ്ധ വസന്തമേ, സ്വച്ഛ  പ്രണയമേ;
നിന്നയനത്തിൽ വിടർന്നുല്ലസിക്കുന്നു
മന്ദാരസൂനങ്ങൾ, നീ രമിച്ചീടുക.



Thursday 19 December 2019

ധാക്ക റെയിൽ



ഇതൊരു വിഷമ വൃത്തമാണ്
തുടങ്ങിയ ഇടത്തു തിരിച്ചെത്തുന്ന ധാക്ക  റെയിൽ പോലെ
അല്ലെങ്കിൽ
വയറിളക്കം മാറാൻ ആവണക്കെണ്ണ കഴിച്ചപോലെ.

ദരിദ്രനായിരിക്കാൻ
അധികവില നൽകി
പാപ്പരാവുന്നവരെ പ്പോലെ,
പരിഹാരങ്ങൾ തേടി
പതനത്തിലേക്കു മാത്രം
യാത്ര ചെയ്യുന്നതെന്തിന്?

മതം...
അതൊരു പരിഹാരമല്ല
അതൊരു പതനമാണ്‌.
മനുഷ്യേതരരായിരിക്കാനുള്ള
പാഠ്യപദ്ധതിയാണ്.
അടിമത്തത്തിന്റെ സുവിശേഷമാണ്.
വെറുപ്പിന്റെ വചനമാണ്.
നുണയുടെ അദ്വൈതമാണ്.

Tuesday 17 December 2019

അഖണ്ഡം




മതമായിരുന്നു വിഭജനത്തിനു കാരണം. അധിനിവേശ കാലം മുതൽ മതത്തിന്റെ പേരിൽ കൊന്നു കൂട്ടിയ മനുഷ്യലക്ഷങ്ങളുടെ ശവ കുടീരങ്ങൾ ഒരബദ്ധം പോലെ വളർന്നുവരികയാണ്. മതത്തിനുത്തരം മതമല്ല. ആധുനിക മനുഷ്യന്റെ പ്രശ്നങ്ങൾക്കുള്ള ഉത്തരം മതമാണോ?

അപ്പോൾ നമുക്കിന്ത്യയഖണ്ഡമാക്കാം
പക്ഷങ്ങൾ ഛേദിച്ച മതം മറക്കാം
ശാസ്ത്രാഞ്ജന ചർച്ചിത ലോചനത്താൽ
നോക്കാം വിഭാതാംശു വിരിഞ്ഞ ഭൂവിൽ.

മുറിച്ച  പാർശ്വാംഗയുഗങ്ങൾ വീണ്ടും
തിരിച്ചുചേർക്കാം മുറിവേറ്റ മെയ്യിൽ
അഖണ്ഡഗാത്രത്തിലജയ്യയായി
ചിരം ചരിക്കട്ടെ നവബ്രഹ്മപുത്ര.

പതഞ്ഞുപോകും  ഹിമസിന്ധു വീണ്ടും
പറഞ്ഞിടട്ടെ 'കാർഷിക ഭൂവൊരിന്ത്യ;
മതാന്ധമർത്യന്നു വിഴുപ്പു തൂകാൻ
മണൽത്തരിക്കൊപ്പമിടമില്ല മേലിൽ'.

തിരിഞ്ഞു നോക്കേണ്ട, യുഗങ്ങളായി
യവം തളിർത്തോരു വരണ്ട മണ്ണിൽ
നിണം ഭുജിച്ചാഭയെഴും കുടീരം
വളർന്നുപൊന്തുന്നൊരബദ്ധമായി.

മടിച്ചുനിൽക്കേണ്ട  വരേണ്യഗംഗേ,
മനുഷ്യരുണ്ടീ രണഭൂവിൽ വീണ്ടും
'അഹിംസ'യെന്നോതി നിവർന്നു നിൽക്കാൻ,
മറക്കു, മന്ദാകിനിയാക വീണ്ടും.

Tuesday 5 November 2019

ക്ഷമപ്പക്ഷികൾ




ചിറകടിച്ചുയരുന്ന നീർ ഖഗങ്ങൾ നിങ്ങൾ
പറയാതെ പോയ ക്ഷമാപണങ്ങൾ
നനവാർന്ന തൂവലിൻ തുമ്പിൽ നിന്നുതിരുന്നു
വ്യഥ പൊട്ടി വീഴും ചുടു കണങ്ങൾ

പറയുവാനാവാതെ പോയ രണ്ടക്ഷരം
ചിറകായിമാറിപ്പറന്നുപോകെ
തിരയുന്നു നിന്നെ ദിഗന്തങ്ങളിൽ താര-
മെരിയുന്ന രാവിൽ ഹതാശനീ ഞാൻ.

എവിടെയെൻ  സ്വപ്ന മരാളങ്ങളെ നിങ്ങൾ
നനവാർന്ന തൂവലാൽ തഴുകിത്തലോടുമോ 
ഗതകാല ശോക മഹാപുരാണത്തിലെ
പ്രതിനായകൻ കാക്കുമെരിയുന്ന നെഞ്ചകം?
------------
05.11.2019




Tuesday 15 October 2019

ഹോങ്കോങ്ങിന്റെ പേറ്റുനോവ്



ഇനിയുമൊരു 'ടിയാൻമെൻ' പിറക്കാൻ നേരമായീറ്റു-
മുറവിളി ഉയർന്നു, പേറ്റു നോവായി ഹോങ്കോങ്ങ്.
തമസിജ പഡുക്കൾ ദണ്ഡകാരണ്യമദ്ധ്യേ,
തളിരിലകൾ നുള്ളാൻ യാത്രയാകുന്നു കഷ്ടം.

---------------
01.07.2019

Wednesday 11 September 2019

ഖാണ്ഡവം






അന്ത്യോദകത്തിനു  മഞ്ഞുരുക്കാൻ സന്ധ്യ
ചെന്തീയെരിക്കും മഴക്കാടിനപ്പുറം
വിന്ധ്യ, സഹ്യാദ്രികൾ കീറി മുറിച്ചൊരു
ക്രന്ദനമെൻ കാതിലെത്തുന്നു ശാപമായ്. 

ജന്മാന്തരങ്ങൾക്കുമപ്പുറം കാതോർത്തു
ഖിന്നൻ പ്രപൗത്രൻ വിലപിപ്പു നിസ്ത്രപം,
"എന്തെൻ മരതകക്കാടുകൾ കത്തിച്ചു
വൻ ധ്രുവപ്രാലേയശൈലമുരുക്കി നീ..."

"മണ്മറഞ്ഞേറെ ഗണങ്ങൾ, വസിക്കുവാ-
നില്ലനുയോജ്യമല്ലീയുർവ്വി  ആകയാൽ.
ചേർച്ച വരുത്തുവാനാകാതെ ജന്തുക്കൾ
ചാർച്ചയുപേക്ഷിച്ചു പിന്മടങ്ങി ദ്രുതം "

"ചെന്താമരപ്പൂ വിരിഞ്ഞ  സരോവര
ബന്ധുര ഗേഹം വെടിഞ്ഞു മരാളങ്ങൾ,
സിന്ദൂര സന്ധ്യകൾ പോയ് മറഞ്ഞു, ഋതു
ബന്ധമഴിഞ്ഞു, തിര കവർന്നീക്കര."

നിൽപ്പു ഞങ്ങൾ വഴിവക്കിലധോമുഖ
ദുഃഖ ഭരിതരാം  ത്വൽ  പ്രപിതാമഹർ
ഒക്കെയും വെട്ടി നിരത്തി, വെണ്ണീറാക്കി
വക്ഷോജമൂറ്റിക്കുടിച്ചു തെഴുത്തവർ.

ഭൂമി ഉപേക്ഷിച്ചു പോകവേ, ആവാസ
സൗരയൂഥങ്ങൾ തിരഞ്ഞലഞ്ഞീടവെ,
നിന്നന്തരാത്മാവിനാഴങ്ങളിൽ പുക
ചിന്തും  വെറുപ്പായി മാറട്ടെ പൂര്‍വ്വികര്‍.

പോക നീ വത്സാ; ഉദകത്തിനിറ്റുനീർ
ശേഷിച്ചിടാത്തൊരനാവൃത്ത ഭൂമിയെ
ദൂരെ  ഉപേക്ഷിച്ചു പോകെ മറക്കൊല്ല
നേരുകൾ നൽകിയ പാഠമൊരിക്കലും.



---------------------
26.08.2019



Wednesday 17 July 2019

കൗതുകവാർത്തകൾ



വാർത്തകളുടെ ലോകം കീഴ്മേൽ മറിഞ്ഞുപോയി. സാങ്കേതികതയുടെ കുതിച്ചുചാട്ടത്തോടെ വാർത്തകളുടെ ഉറവിടവും, വ്യാപനവും, ഒഴുക്കും, ദിശയും ഒക്കെ മാറി മറിഞ്ഞിരിക്കുന്നു. 'സത്യാനന്തര യുഗം' എന്നു പറയപ്പെടുന്ന ചുറ്റുപാട് എല്ലാക്കാലത്തുമുണ്ടായിരുന്നു. വാർത്തകൾ എല്ലാക്കാലത്തും വളച്ചൊടിക്കപ്പെട്ടിട്ടുമുണ്ട്. എങ്കിലും fake news  'യഥാർത്ഥ' വാർത്തയായി പരിണമിക്കുകയും, പല ആവർത്തി അവതരിക്കുകയും, അതു രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളെ വലിയ തോതിൽ മാറ്റി മറിക്കുകയും ചെയ്യന്ന ഭീകരമായ അവസ്ഥ, ഈ ദശകത്തിന്റെ പ്രതേകതയാണ്. മുഖ്യധാരാ മാധ്യമങ്ങൾ, മാധ്യമ ഉപഭോകതാക്കളെ അവരുടെ വരുതിയിൽ പിടിച്ചു നിറുത്തുവാനായി  കൗതുക-വൈകാരിക വാർത്തകളിൽ അഭയം തേടിയിരിക്കുന്നു എന്ന കേവല സത്യം നമ്മൾ തിരിച്ചറിയുന്നു.

വാർത്തയിൽ തട്ടി കമഴ്ന്നു വീണു ചില
നാട്ടു പ്രമാണിമാർ ഇന്നു പുലർച്ചയിൽ.

വാർത്ത വിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന
വാർത്താ വ്യവസായ ശാലയൊന്നിന്നലെ
കോർത്തു വിക്ഷേപിച്ച കൗതുകവാർത്തയിൽ
നാട്ടു പ്രമാണീസ് തകർന്നുപോയ് തൽക്ഷണം.

fake ആണതെന്നു വിലപിച്ചു കൊണ്ടവർ
fact നിരത്തിയെന്നാകിലും കേൾക്കുവാൻ
വാർത്തപ്പണിക്കാരണഞ്ഞില്ലണഞ്ഞവർ
പാർത്ത സത്യങ്ങൾ കെടുത്തിക്കളഞ്ഞുപോയ്.

സിംഹാസനങ്ങൾ കുലുക്കുവാൻ വാർത്തകൾ
തങ്കക്കിരീടം പണിയുവാൻ വാർത്തകൾ
ശൂന്യത്തിൽ നിന്നും മെനഞ്ഞിന്ദ്രജാലമായ്
target ചെയ്യുവാൻ കൗതുക വാർത്തകൾ.

data അരിച്ചു പെറുക്കി മസാലയും,
fat ഉം കടത്തിപ്പൊലിപ്പിച്ച വാർത്തകൾ
yeast മുളപ്പിച്ചു gas ആയ വാർത്തകൾ
തീറ്റയ്ക്കജീർണ്ണം ഉറപ്പായ വാർത്തകൾ.

നിർദ്ദോഷ സത്യം വളച്ചു നിറം ചേർത്തു
മസ്തിഷ്കമുറ്റിക്കുടിക്കുവാൻ വാർത്തകൾ,
നിസ്സംഗമായിച്ചിരിയിലൊളിപ്പിച്ച
പിച്ചാത്തിപോലെത്ര കൗതുകവാർത്തകൾ!

----------------
17.07.2019

Friday 24 May 2019

പിൻ ദർശിനി



മൂടുപടത്തിൻ ജനാലതന്നുള്ളിൽ നി  -
ന്നാരെയോ തേടിവരുന്നിന്ദ്രജാലമായ് 
ചേതോഹരം മിഴിപ്പൂക്കൾ, കിനാവുകൾ
നീന്തിത്തുടിക്കുന്നു മാനസ പ്പൊയ്കയിൽ.

ചാരെ ചരിക്കുമീ പിൻദർശിനിക്കുള്ളി-
ലാരോ കുലച്ചൊരീ ഇന്ദ്രധനുസ്സുകൾ
തേടുവതേതൊരു മാനസപ്പൊയ്കയിൽ
നീന്തിത്തുടിക്കും മരാള സ്വപ്നങ്ങളെ.

ദീപനാളങ്ങൾ പദങ്ങളാടുന്നൊരീ
ചാരു ശിലാ മണ്ഡപത്തിൽ നിശീഥിനി
കീറി മുറിക്കുന്ന നീലോല്പലങ്ങളെ-
ന്തോതുന്നു, കൂടണയാൻ തിടുക്കമോ? 

അവസാനത്തെ വണ്ടി



അവസാന വണ്ടി വരാതിരിക്കട്ടെ.
അതിലവർ എഴുന്നെള്ളാതിരിക്കട്ടെ.
ഒരു പെരുമ്പാമ്പായി ഇഴഞ്ഞിറങ്ങാതിരിക്കട്ടെ.
സഹായമറ്റവരെ
ചുറ്റി വരിയാതിരിക്കട്ടെ.
എല്ലുകൾ നുറുക്കാതിരിക്കട്ടെ.
മരണത്തിന്റെ തണുപ്പിലേക്കു
വലിച്ചിഴയ്ക്കാതിരിക്കട്ടെ.


അവസാന വണ്ടി വരാതിരിക്കട്ടെ.
ഇരുട്ടിനു പക്ഷം ചേരാഞ്ഞവരെ തേടി
അവർ വരാതിരിക്കട്ടെ.
ഒറ്റുകാരുടെ 
മുഴക്കുന്ന വിശുദ്ധ ഗീതങ്ങളോടെ
പ്രചണ്ഡമായി മരണം വിതയ്ക്കാതിരിക്കട്ടെ.

----------
27.09.2018