ചിരിക്കണമെന്നവർ പറയുന്നു!
മോദമോടെ കഴിയണമെന്നും,
അനിശ്ചിതത്വത്തിന്റെ കാർമേഘത്തെ
ചിരിച്ചു നേരിടണമെന്നും.
ദീർഖമായ ലിസ്റ്റെഴുതി
നാറാണത്തുകാരൻ ചിരിക്കാനിരുന്നു.
ചുറ്റും പൊടുന്നനെ കൊഴിഞ്ഞു വീഴുന്ന
പഴുത്ത ഇലകളെ നോക്കി മെല്ലെച്ചിരിച്ചു.
വാഴവെട്ടാൻപോയ അയൽവാസിയെ നോക്കി
വെളുക്കെച്ചിരിച്ചു.
രിക്തമായ വകതിരിവിനെ
ഓർത്തു നിശബ്ദമായിച്ചിരിച്ചു.
സൂപ്പർമാർക്കറ്റിലെ ഒഴിഞ്ഞ
തട്ടുകൾ കണ്ടു മൃദുവായി ചിരിച്ചു.
ഒഴിഞ്ഞ തീവണ്ടികൾ
പോകെ ഒച്ചയില്ലാതെ ചിരിച്ചു.
ഒഴിഞ്ഞു പോകാത്ത
ആർത്തിയെ ഓർത്തു
നെടുവീർപ്പോടെ ചിരിച്ചു.
കാത്തിരിപ്പിടങ്ങളിലെ
ശൂന്യത കണ്ടു ചിരിച്ചു.
കടകൾക്കു മുന്നിലെ
നീണ്ട മനുഷ്യനിര നോക്കിച്ചിരിച്ചു.
അടഞ്ഞ തൊഴിൽശാലകൾക്കുമുന്നിലെ
'ഒഴിവില്ല' വിജ്ഞാപനം വായിച്ചു ചിരിച്ചു.
ഉരുണ്ടു നിവരുന്ന 'ലൂറോൾ' പോലെ
'ഫുഡ്ബാങ്കി'നു മുന്നിൽ
വളരുന്ന 'ക്യൂ' നോക്കിച്ചിരിച്ചു.
തലകുത്തി വീണ 'FTSE 100'
നോക്കി പൊട്ടിച്ചിരിച്ചു.
പറന്നുപോയ കരുതൽക്കിളികളെ
ഓർത്തു വെറുതെ ചിരിച്ചു.
കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ പോയ
മുതലാളിയെനോക്കി കണ്ണിറുക്കിച്ചിരിച്ചു.
ഒടുവിൽ, ദർപ്പണത്തിൽ തെളിയുന്ന
കവിളെല്ലിനു പുറത്തെ
നരച്ച രോമങ്ങൾ നോക്കി
വിഹ്വലതയോടെ ചിരിച്ചു.
ഉരുണ്ടു കൂടുന്ന ദുര്യോഗത്തിനു മുന്നിൽ
ചിരിക്കാതിരിക്കാനാവില്ലല്ലോ
എന്നോർത്തു പൊട്ടിച്ചിരിച്ചു.
-------------
20.03.2020