ഉരുകിത്തിളച്ചൊരാ സൗരയൂഥത്തില-
ന്നൊരു മഴത്തുള്ളി അടർന്നുവീണു,
പരിണാമ സാഗരത്തിരകളിൽ ആദ്യത്തെ
അനവദ്യബിന്ദുവായ് ഞാനുണർന്നു.
ധ്രുവദീപ്തി ചിന്തി, നിലാവിൻ മിഴിക്കോണിൽ
മൃദുതുഷാരാശ്രു തുളുമ്പിനിന്നു,
നിഴലും, നിലാവും കളിത്തൊട്ടിലാട്ടി ഈ
ബഹുകോശ വിസ്മയപ്പൂവിടര്‍ന്നു.
വനഭംഗി മൊത്തിക്കുടിച്ച വാർകൂന്തലി-
ന്നഴകെഴും ശൈലതടാകത്തിലെ
ജലദർപ്പണത്തിൽനിന്നാരോ വിരൽനീട്ടി
അരുമയായ് 'ആരെ'ന്ന ചോദ്യമെയ്തു.
പുഴയോടു കടലിനോടടവിയോടനിലനോ-
ടുഡുപരാഗാവൃത നഭസ്സിനോടും
അറിയുവാനായി തിരഞ്ഞിടത്തൊക്കെയും
ഒരുപാടുചോദ്യങ്ങൾ പൊന്തിവന്നു.
ഗിരിഗഹ്വരാന്ധകാരത്തിൽ പ്രതിധ്വനി-
ച്ചതു പടർന്നഗ്നിയായ് മാറീടവെ
അറിയാത്തതൊക്കെയും ഞാനൊരുവാക്കിന്റെ
രജതകുംഭത്തിൽ ഒളിച്ചുവച്ചു.
അറിയാത്തതിന്നെത്ര രൂപങ്ങൾ, ഭാവങ്ങൾ
കഥകൾ നൂറാരൊക്കെ നെയ്തെടുത്തു!
അറിയാത്തതിന്റെ അൾത്താരയിൽ എത്രയോ
ചുടുനിണമർപ്പിച്ചൊതുങ്ങിനിന്നു.
അറിയാത്തതിന്നവകാശികൾ ഭൂമിയെ
അരിയായി മെല്ലെപ്പകുത്തെടുക്കെ,
തിരിയൊന്നു കത്തിച്ചുവച്ചതിൻ വെട്ടത്തി-
ലിരുൾ പകുത്തേറെക്കടന്നുപോയി.
കനലും, നിലാവും, വിടർന്ന മന്ദാരത്തി-
നഴകും, ഋതുക്കളും, കല്ലോലവും,
അറിയവേ തിരിതീർത്ത നിഴൽകദംബം
രജതകുംഭത്തിലണഞ്ഞിടുന്നു.
ബഹിരംബരാരുണ ഗോളങ്ങളിൽ, ആദി
കണികകൾ വീണൊരീറ്റില്ലങ്ങളിൽ,
പ്രഭവപ്രസൂതിതൻ പേറ്റുനോവിൻ മുഗ്ദ്ധ
പ്രാണവാരവാഘോഷ തീരങ്ങളിൽ,
അലയുന്നു ഞാനെൻനിഴലുമായീ നവ്യ
വഴികളിലെന്നും തിരഞ്ഞിടുമ്പോൾ
വളവുകൾക്കപ്പുറം "അറിയാത്ത" തെന്നെന്റെ
നിഴലെന്റെ കാതിൽമൊഴിഞ്ഞിടുന്നു.
വനവാപി വറ്റിവരണ്ടു മന്വന്തര-
ച്ചെറുചില്ല എത്രയോ പൂവണിഞ്ഞു.
അറിയുവാനായില്ല തീർത്ഥനിഴൽ ചൂണ്ടി
അരുളിയതിന്നും തിരഞ്ഞിടുന്നു.
ഒഴിയവെതന്നെ നിറഞ്ഞിടും കുംഭത്തി-
ലിഴചുറ്റി ചൂതദലം നിറയ്‌ക്കേ
ഇടിമിന്നലേറ്റു ഭൂ കോരിത്തരിക്കുന്നു
ഇരുളിൽ ഞാനെന്നെ തിരഞ്ഞിടുന്നു.
------------
26.08.2017