സൂക്ഷിച്ചു
നോക്കിയിട്ടുണ്ടോ വാക്കുകളെ?
അവയ്ക്കു
നിറമുണ്ട്.
'അപാരത'യുടെ നിറം എത്രയോ പരിചിതമാണ്
'സമാധാന'ത്തിന്റെ
നിറമല്ല
'പ്രതിഷേധ'ത്തിനുള്ളത്
'പ്രണയ'ത്തിന്റെ
നിറമല്ലല്ലോ
'പ്രതീക്ഷ'യുടെ നിറം
'വിഷാദ'ത്തിന്റെ
നിറം കടുപ്പിച്ചാൽ
'മരണ'ത്തിന്റെ
നിറമാകാം
എങ്കിലും 'സാമ്രാജ്യ'ത്തിന്റെ നിറം
എപ്പോഴും വ്യത്യസ്‍തമായിരിക്കും.
ഇനിയും നിറങ്ങൾ കണ്ടെത്തിയില്ലെങ്കിൽ
മഷി പുരണ്ട
'നിഷാദ'നിലേക്കു നോക്കു.
ശ്രദ്ധിക്കൂ- വാക്കുകൾക്കു ഗന്ധമുണ്ട്, 'മാമൂൽ' പോലെ!
വാക്കുകൾക്കു രൂപവുമുണ്ട്, 'മദാലസ' പോലെ!
'നിർവൃതി' പോലെ ഊഷ്മാവുമുണ്ട്!
ഉപയോഗിച്ചു നിറം മങ്ങി 'ഞെട്ടി' പ്പോയ വാക്കുകൾ
ഒരിക്കലും നിറം വറ്റാത്ത 'പ്രണയ' വാക്കുകൾ
അലക്കി വെളുപ്പിച്ചെടുത്ത 'ജാലക' വാക്കുകൾ
ഒളിച്ചു കളിക്കുന്ന 'തിരസ്കരണി' വാക്കുകൾ
ഉപയോഗിക്കാതെ പൊടിപിടിച്ചു കിടന്ന 'അസ്ഥിഭാരം'
പോലുള്ള 'ശ്രുതിപ്പെട്ട' വാക്കുകൾ
പോലുള്ള 'ശ്രുതിപ്പെട്ട' വാക്കുകൾ
അമിതോപയോഗത്താൽ തേഞ്ഞു പോയ 'മഴ' വാക്കുകൾ
ഭരണകൂടത്തിന്റെ ഭയപ്പെടുത്തുന്ന 'കച്ചേരി' വാക്കുകൾ
'വിമ്മിട്ട'പ്പെടുന്ന
വികല വാക്കുകൾ
അയിത്തം വന്ന
'ചന്ത' വാക്കുകൾ
ആര്യമായ
'മാർക്കറ്റ്' വാക്കുകൾ
മ്യൂട്ടേഷൻ സംഭവിച്ച 'ചെത്തു' വാക്കുകൾ!
അല്ലെങ്കിൽ 'കലക്കി'യ 'അടിപൊളി' 'തേപ്പു' വാക്കുകൾ!
കടൽ കടന്നു 'വരാന്ത'യിൽ പോയ വാക്കുകൾ
'റദ്ദാ' ക്കിയ ചില
വരുത്തൻ വാക്കുകൾ
'ഖൽബി'ൽ ചേക്കേറിയ 'മൊഞ്ചു'ള്ള വാക്കുകൾ
കുടിയേറാൻ
കാത്തിരിക്കുന്ന 'മൊഹബത്തു' വാക്കുകൾ
പകരക്കാരനെ
കളിയാക്കുന്ന 'സ്വിച്ച്' വാക്കുകൾ
കൊഞ്ഞനം കാട്ടുന്ന വരുത്തൻ 'സോറി' വാക്കുകൾ.
പിന്നെ സായിപ്പു കയറൂരി വിട്ട '#ക്ക്' '#റ്റ്' ജാഡ വാക്കുകൾ.
-----------
11 September 2017